തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് എട്ടുദിവസം മാത്രം ബാക്കിനില്*ക്കെ, പരസ്പരനിഗ്രഹത്തിനുള്ള ആയുധങ്ങള്* ഇരുമുന്നണികളും പുറത്തെടുക്കുന്നു. മകന്* വി.എ.അരുണ്*കുമാറിനെതിരെ കൂടുതല്* തെളിവുകളുമായി രംഗത്തുവന്ന് വി.എസ്.അച്യുതാനന്ദന്റെ ആദര്*ശശുദ്ധി പ്രതിപക്ഷം ചോദ്യംചെയ്തു. കൂടാതെ ലാവലിന്* കേസില്* പിണറായി വിജയനെ പാര്*ട്ടിയില്*നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മുമ്പ് പൊളിറ്റ്ബ്യൂറോയ്ക്ക് അയച്ച കത്തും പ്രതിപക്ഷം പുറത്തുവിട്ടു. ഇത് മുഖ്യമന്ത്രിയെയെന്നപോലെ സി.പി.എമ്മിനെയും ഒന്നുപോലെ പ്രതിസന്ധിയിലാക്കുന്നതാണ്.
ജമാഅത്തെ ഇസ്*ലാമിയുമായി കൂട്ടുകൂടാന്* സി.പി.എം. രഹസ്യചര്*ച്ച നടത്തിയെന്നതാണ് എരിതീയില്* എണ്ണയൊഴിച്ച മറ്റൊരു വിവാദം. എന്നാല്* കോണ്*ഗ്രസ് നേതാക്കളും സഹായം അഭ്യര്*ഥിച്ച് തങ്ങളെ സമീപിച്ചിരുന്നുവെന്ന ജമാ അത്തെ ഇസ്*ലാമിയുടെ വെളിപ്പെടുത്തല്* തിരിച്ചടിക്കുന്നതുമായിരുന്നു.
മറുവശത്ത് ഐസ്*ക്രീംപാര്*ലര്* പെണ്*വാണിഭക്കേസില്* പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരായ നടപടികള്*ക്ക് ധൃതികൂട്ടുകയാണ് വി.എസ്.അച്യുതാനന്ദന്*. കോണ്*ഗ്രസ് നേതാവ് കെ.സുധാകരന്* എം.പി ക്കെതിരായ വിജിലന്*സ് കേസിലും പിടിമുറുക്കുന്നതിന്റെ സൂചനകള്*ക്കൊപ്പം ടൈറ്റാനിയം നവീകരണ പ്രവര്*ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉമ്മന്*ചാണ്ടിക്കെതിരെ ഉയര്*ന്ന ആരോപണങ്ങളും കോടതിയിലെത്തിച്ചിരിക്കുകയാണ് ഭരണപക്ഷം.
ലാവലിന്* കേസില്* പിണറായി വിജയനെതിരെ നടപടി ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്*, പ്രകാശ് കാരാട്ടിനയച്ച കത്ത് പി.ടി.തോമസ് എം.പി. പുറത്തുവിട്ടു. ദേശവിരുദ്ധവും പാര്*ട്ടിവിരുദ്ധവുമായ കരാറാണ് പിണറായി ഒപ്പുവെച്ചതെന്ന് വി.എസ്. ആരോപിക്കുന്ന കത്താണിത്.
വി.എസ്.അച്യുതാനന്ദന്റെ മകനെതിരായ ആരോപണങ്ങള്* തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെഅടങ്ങിയതായിരുന്നു. എന്നാല്* അത് വീണ്ടും സജീവമായി. വിവരാവകാശ നിയമപ്രകാരം ഉന്നതവിദ്യാഭ്യാസ സംരക്ഷണസമിതി പുറത്തുകൊണ്ടുവന്ന രേഖകളിലൂടെയാണ് വി.എസിന്റെ മകന്* അരുണ്*കുമാറിന്റെ ഐ.എച്ച്.ആര്*.ഡിയിലെ നിയമനവും സ്ഥാനക്കയറ്റവുമെല്ലാം ചട്ടങ്ങള്*ക്കു വിരുദ്ധമാണെന്ന വെളിപ്പെടുത്തല്* ഉണ്ടായിരിക്കുന്നത്. അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്നുവെന്ന വി.എസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കാനാണ് ഈ നീക്കത്തിലൂടെ യു.ഡി.എഫ്. ശ്രമിക്കുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്* അകറ്റിനിര്*ത്തിയ ജമാ അത്തെ ഇസ്*ലാമിയും സി.പി.എമ്മുമായി കൂട്ടുകൂടാനുള്ള നീക്കമാണ് മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ജമാഅത്തെ ഇസ്*ലാമി ഇങ്ങോട്ട് സമീപിക്കുകയായിരുന്നുവെന്നും ഇനി അവരാണ് തീരുമാനിക്കേണ്ടതെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്*തന്നെ വെളിപ്പെടുത്തുകയും ചെയ്തു. ഒരിക്കല്* തീവ്രവാദികളെന്ന് വിളിച്ചവരോട് വീണ്ടും സി.പി.എം. ഒത്തുചേരുന്നതിന്റെ വൈരുധ്യത്തെ വിമര്*ശിച്ച് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല രംഗത്തെത്തി. എന്നാല്* കോണ്*ഗ്രസും ഘടകകക്ഷികളും തങ്ങളെ സമീപിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ജമാ അത്തെ ഇസ്*ലാമി അമീര്* ടി.ആരിഫലിയും രംഗത്തെത്തി. എം.ഐ.ഷാനവാസാണ് ചര്*ച്ചയ്ക്കു വന്നതെന്ന് ആരിഫലി പറഞ്ഞു. എന്നാല്* കൂടിക്കാഴ്ച സൗഹൃദത്തിന്റെ ഭാഗമാണെന്നും ജമാഅത്തെ ഇസ്*ലാമിയുടെ പിന്തുണ തേടാന്* തന്നെയാരും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമാണ് ഷാനവാസ് പറയുന്നത്. ബുധനാഴ്ച സി.പി.എമ്മുമായുള്ള ധാരണ ജമാ അത്തെ ഇസ്*ലാമി ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് അതിലെ ആഭ്യന്തരകലഹംമൂലം ധാരണ പുറത്തായത്. ആലപ്പുഴയില്* പിണറായിയുമായി നടത്തിയ ചര്*ച്ചയും തുടര്*ന്നുണ്ടായ ധാരണയുമാണ് ഇതോടെ പൊളിഞ്ഞത്.
ഐസ്*ക്രീം പാര്*ലര്* കേസില്* പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ അടിയന്തര നടപടികള്*ക്കൊരുങ്ങുകയാണ് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്*. കേസിലെ അന്വേഷണവും മറ്റു നടപടികളും ഊര്*ജിതമാക്കാന്* ആഭ്യന്തരമന്ത്രിക്കും ഡി.ജി.പി ക്കും നിര്*ദേശം നല്*കിയിരിക്കുകയാണ് വി.എസ്. ഇതിനിടെ കെ.സുധാകരന്* എം.പി ക്കെതിരെ വിജിലന്*സ് കേസ് എടുക്കാനുള്ള നിര്*ദേശവും വിവാദമായി. ജഡ്ജിമാര്*ക്കെതിരായ ആരോപണമുന്നയിച്ചതിനാണ് വിജിലന്*സ് കേസ്.
തിരഞ്ഞെടുപ്പ് അടുത്തതോടെ ആവനാഴിയിലുള്ള എല്ലാ ആയുധങ്ങളും ഇരുപക്ഷവും എടുത്തു പയറ്റുകയാണ്. വരുംദിവസങ്ങളില്* കൂടുതല്* വെളിപ്പെടുത്തലുകളും നടപടിയും ഉണ്ടാകുമെന്നാണ് കരുതുന്നത്.

