മലയാള സിനിമയിലെ ആദ്യനായിക റോസി പുല്ല് കച്ചവടക്കാരി!
1970-കളില്* തിരുവനന്തപുരത്ത് സ്റ്റാച്യുവിന് സമീപം സേവിയേഴ്*സ് ഹോട്ടലില്* വെച്ച് നാടകാചാര്യന്* എന്*.എന്*. പിള്ളയുടെ നാടകസങ്കല്പങ്ങളെക്കുറിച്ച് നടന്ന ചര്*ച്ചയ്ക്ക് തുടക്കംകുറിച്ചുകൊണ്ട് ജനയുഗം പത്രാധിപര്* കാമ്പിശ്ശേരി കരുണാകരന്* സംസാരിക്കുന്നതിനിടയില്* യാദൃച്ഛികമായിട്ടാണ് മലയാള സിനിമയിലെ ആദ്യനായിക റോസിയെക്കുറിച്ച് വെളിപ്പെടുത്തിയത്. മലയാള സിനിമയിലെ ആദ്യനായിക തിരുവനന്തപുരത്തെ പാവപ്പെട്ട ഒരു പുല്ലുകച്ചവടക്കാരി ആയിരുന്നെന്നും പുലയസമുദായക്കാരിയാണെന്നും മറ്റുമുള്ള വിവരങ്ങള്* എന്*.എന്*. പിള്ളയടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് കാമ്പിശ്ശേരി പറഞ്ഞത്. അക്കാലത്ത് ജനയുഗം കുടുംബത്തില്* നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'സിനിരമ' വാരികയില്* 'ആദ്യനായിക തിരുവനന്തപുരത്തെ പുല്ലുകച്ചവടക്കാരി' എന്ന ചെറുവിവരണം അച്ചടിച്ചുവരികയും ചെയ്തിരുന്നു.
ഈ യോഗത്തില്* പങ്കെടുത്തിരുന്ന കുന്നുകുഴി മണിയെന്ന ചരിത്രകാരന്* പിന്നീട് ആദ്യ സിനിമയുടെ അന്വേഷണവുമായി 1971-ല്* അഗസ്തീശ്വരത്തെത്തി മലയാള സിനിമയുടെ തുടക്കക്കാരനായ ജെ.സി. ഡാനിയേലിനെ കാണുകയും അഭിമുഖ സംഭാഷണത്തിലൂടെ പി.കെ. റോസിയെ സംബന്ധിച്ച ചരിത്രസത്യം തേടുകയും ചെയ്തിരുന്നു. അവിടെനിന്ന് തുടക്കം കുറിച്ച അന്വേഷണമാണ് ചരിത്രത്തിന്റെ പിന്നാംപുറങ്ങളില്* കാമ്പിശ്ശേരിയേയും കുന്നുകുഴി മണിയേയും കൊണ്ടുചെന്നെത്തിച്ചത്. ഒടുവില്* എല്ലാ ഊഹാപോഹങ്ങളുടെയും മാറാലനീക്കി പി.കെ. റോസിയാണ് മലയാള സിനിമയിലെ ആദ്യനായികയെന്ന് ചരിത്രത്തെക്കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്തു.
പുളിമൂട്ടിലെ ഇപ്പോഴത്തെ ജനറല്* പോസ്റ്റാഫീസിനടുത്തുള്ള പുല്ലുചന്തയിലെ പുല്ല് വില്പനക്കാരിയായ റോസമ്മ (പുല്ലുകെട്ട് തലയില്* വെച്ചുതന്നെ വില്ക്കണമായിരുന്നു. പുല്ല് നിലത്തിറക്കി വില്ക്കുന്നതിനുവേണ്ടി അക്കാലത്ത് സാമുവല്*വാര്*ഡന്*, കരമന ബഞ്ചമിന്* എന്നിവരുടെ നേതൃത്വത്തില്* ലഹള നടത്തുകയും അതിനുശേഷം പുല്ല് നിലത്തിറക്കി വില്ക്കാനനുവാദം ലഭിക്കുകയും ചെയ്തു) ഇക്കാലത്താണ് റോസമ്മ സിനിമാഭിനയത്തിനായി ദി ട്രാവന്*കൂര്* നാഷണല്* പിക്*ചേഴ്*സ് സ്റ്റുഡിയോയില്* എത്തിയതെന്ന് വിഗതകുമാരന്റെ നിര്*മാതാവും മലയാളസിനിമയുടെ പിതാവുമായ ജെ.സി. ഡാനിയേല്* ഓര്*ക്കുന്നതായി, അദ്ദേഹത്തെ വീട്ടില്*ച്ചെന്ന് അഭിമുഖസംഭാഷണം നടത്തിയപ്പോള്* കുന്നുകുഴി മണിയോട് വെളിപ്പെടുത്തിയത്. അതായത് 1903-ല്* ആയിരിക്കണം പൗലോസ്- കുഞ്ഞി ദമ്പതികള്*ക്ക് റോസമ്മ ജനിച്ചത്. അന്നത്തെ സാമൂഹികസ്ഥിതിയില്* ഒന്നോ രണ്ടോ ക്ലാസുവരെയേ വിദ്യാഭ്യാസം നേടാന്* റോസമ്മയ്ക്ക് സാധിച്ചുള്ളൂ.
നന്തന്*കോട് ആമത്തറവയലിനു സമീപത്തായിരുന്നു റോസമ്മയുടെ കുടുംബം താമസിച്ചിരുന്നത് (ഇന്നത്തെ കനക നഗര്*). അന്ന് ആ ഭാഗത്ത് ഒട്ടേറെ പുലയക്കുടിലുകള്* ഉണ്ടായിരുന്നു. അവരില്* പലരും സവര്*ണാധിപത്യത്തിന്റെ അനാചാരഫലമായി സമൂഹനീതിക്കായി വിദേശമിഷനറികള്* സ്ഥാപിച്ച ലണ്ടന്* മിഷനിലും സാല്*വേഷന്* ആര്*മിയിലും ചേരുകയുണ്ടായി. അങ്ങനെയാണ് പുലയര്*ക്കുവേണ്ടി റവ. ഫാ. മേറ്റിയര്* എല്*.എം.എസ്. പള്ളിപോലും സ്ഥാപിച്ചത് (ഒരു നൂറ്റാണ്ട് പിന്നിട്ട എല്*.എം.എസ്. പള്ളി അക്കാലത്ത് 'പുലപ്പള്ളി' എന്നാണ് വിളിക്കപ്പെട്ടിരുന്നത്).
അന്നത്തെ പള്ളിയിലെ വിദേശമിഷനറി റവ. ഫാ. പാര്*ക്കന്* സായ്പിന്റെ ബട്*ലറായിരുന്നു റോസമ്മയുടെ അച്ഛനായ പൗലോസ്. നീലക്കുയിലിലെ ഗായിക ജാനമ്മ ഡേവിഡിന്റെ മാതാവ് ഡോര്*ക്കസ് പതിച്ചിയും പൗലോസിന്റെ ബന്ധുവായിരുന്നു. സുകുമാരകലകളുടെയും നാഗരികസംസ്*കാരത്തിന്റെയും പിതാക്കളായ പുലയര്* അടിച്ചമര്*ത്തപ്പെട്ടിട്ടും തങ്ങളുടെ ഉള്ളിലുറഞ്ഞുകൂടി നിന്നിരുന്ന കലാഭിരുചികള്*, ക്രിസ്തുമതത്തില്*നിന്ന് ലഭിച്ച സ്വാതന്ത്ര്യത്തിലൂടെ കത്തിപ്പടരുകയായിരുന്നു.
നന്തന്*കോട് ആമത്തറയില്* ചേരമര്* സംഘത്തിന്റെ കീഴില്* കലാസംഘടനയുണ്ടാക്കി കാക്കരശി (കാക്കരുകളി) നാടകം അരങ്ങേറിയിരുന്നു. അക്കാലത്ത് പുരുഷന്മാരാണ് സ്ത്രീവേഷം കെട്ടി കാക്കാത്തിയായി അഭിനയിച്ചിരുന്നത്. ഒടുവില്* പി.കെ. റോസി, കാക്കരശി നാടകത്തിലെ ആദ്യ സ്ത്രീവേഷമിട്ട് കടന്നുവന്നതോടെ കാക്കരശി നാടകത്തിന് ജനപ്രിയമേറി. അക്കാലത്ത് മറ്റൊരു കൂട്ടര്* തമിഴ്*നാട്ടിലെ നാടകക്കമ്പനിയുടെ ചുവടുപിടിച്ച് ചിട്ടപ്പെടുത്തിയ രാജാപാര്*ട്ടു നാടകങ്ങളില്* സ്ത്രീവേഷം കെട്ടാന്* ക്ഷണിച്ചെങ്കിലും റോസമ്മ അത് നിരസിച്ചു.
ഇതിനിടെ കാക്കരശി നാടകക്കാരും നാടകസംഘക്കാരും റോസമ്മയെ ചൊല്ലി തര്*ക്കങ്ങളുണ്ടായി തര്*ക്കം സംഘട്ടനത്തിലെത്തിയതോടെ റോസമ്മയും കുടുംബവും വീടുവിട്ട് ആദ്യം ആറന്നൂരേക്കും അവിടെ നിന്ന് തൈക്കാട് ആസ്പത്രിക്ക് സമീപത്തെ പുറമ്പോക്കു ഭൂമിയിലേക്കും മാറിത്താമസിച്ചു. 1926-ല്* ജെ.സി. ഡാനിയേല്* പട്ടം തുളസിക്കുന്നിന് എതിര്*വശത്തുള്ള രണ്ടര ഏക്കര്* ഭൂമിയില്* ദി ട്രാവന്*കൂര്* പിക്*ചേഴ്*സ് സ്റ്റുഡിയോ സ്ഥാപിക്കുകയും വിഗതകുമാരന്റെ കഥ തയ്യാറാക്കിയ ശേഷം ഒരു നായികയെ തേടിയലയുകയായിരുന്നു. അക്കാലത്ത് സ്ത്രീകളൊന്നും നാടകത്തിലോ സിനിമയിലോ അഭിനയിക്കാന്* തയ്യാറായിരുന്നില്ല. കാരണം വേശ്യാവൃത്തിയെക്കാള്* മ്ലേച്ചമായിട്ടാണ് അഭിനയത്തെ അന്നത്തെ സദാചാരവാദികള്* കണ്ടത്. തുടര്*ന്ന് ഡാനിയേല്* ഹിന്ദു, ഇന്ത്യന്* എക്*സ്പ്രസ് തുടങ്ങിയ ഇന്ത്യയിലെ വന്*കിട പത്രങ്ങളില്* സിനിമയിലഭിനയിക്കാന്* ഒരു നായികയെ ആവശ്യമുണ്ടെന്നു കാണിച്ച് ആറുമാസക്കാലം പരസ്യം നല്കി. അപ്പോഴാണ് പത്രപ്പരസ്യം കണ്ട് ബോംബെക്കാരി ഒരു ആംഗ്ലോ ഇന്ത്യന്* നടി മിസ് ലാന മലയാള സിനിമയില്* അഭിനയിക്കാന്* തയ്യാറായി കത്തയച്ചത്. കത്തു കിട്ടേണ്ട താമസം ഡാനിയേല്* ബോംബെയിലെത്തി.
5000 രൂപ അഡ്വാന്*സ് കൊടുത്ത് അടുത്ത ട്രെയിനില്* മിസ് ലാനയേയും കൊണ്ട് തിരുവനന്തപുരത്ത് പേട്ടയിലെത്തി. അന്ന് പേട്ടവരെ മാത്രമേ ട്രെയിന്* ഉണ്ടായിരുന്നുള്ളു. പേട്ടയില്* തീവണ്ടിയിറങ്ങിയ മിസ് ലാനയുടെ ആവശ്യങ്ങളോട് പൊരുത്തപ്പെട്ടുപോകാന്* ഡാനിയേലിനു കഴിഞ്ഞില്ല. ലാനയുടെ മര്യാദയില്ലാത്ത പെരുമാറ്റം കാരണം ഡാനിയേല്* ലാനയുമായി തെറ്റിപ്പിരിയുകയും അഡ്വാന്*സ് കൊടുത്ത 5000 രൂപപോലും തിരികെ നല്കാതെ ലാന ബോംബെക്ക് വണ്ടികയറുകയും ചെയ്തു.
മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേല്* തന്റെ ചരിത്രനിയോഗത്തില്* നിന്നും പിന്മാറാന്* തയ്യാറായില്ല. അദ്ദേഹത്തിന് നാടാര്* സമുദായത്തിന് സ്വായത്തമായിരുന്ന കളരി അഭ്യാസത്തെക്കുറിച്ച് സിനിമ പിടിച്ച് അതിനെ പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യമായിരുന്നു മുഖ്യം. അതിനായി തുളുനാട്ടില്*നിന്നും കടത്തനാട്ടില്* നിന്നും അഭ്യാസികളെ വരുത്തി അഭ്യാസമുറകള്* ചിത്രീകരിക്കാനുള്ള ശ്രമം തുടര്*ന്നു. എന്നാല്* ഇതിലൊരു കഥയുംകൂടി ഉള്*പ്പെടുത്തിയാല്* കുറച്ചുകൂടെ ജനശ്രദ്ധ ആകര്*ഷിക്കാന്* കഴിയുമെന്ന് മനസ്സിലാക്കിയ മലയാള സിനിമയുടെ കുലപതി അങ്ങനെയാണ് വിഗതകുമാരന്* എന്ന സിനിമാക്കഥ ആദ്യമായി ഉണ്ടാക്കുകയും അതിലഭിനയിക്കാന്* കായികാഭ്യാസിയും സുന്ദരനുമായ ജോണ്*സനുമായി ഡാനിയേല്* ചങ്ങാത്തത്തിലാവുകയും റോസമ്മ എന്ന പുലയയുവതി സിനിമയിലഭിനയിക്കാന്* തയ്യാറാണെന്ന് ജോണ്*സണ്* ഡാനിയേലിനെ അറിയിക്കുകയും ചെയ്തു.
അങ്ങനെ നെല്*വയലിലെ കൂലിപ്പണിക്കാരിയായ റോസമ്മയേയും കൂട്ടി ജോണ്*സണ്* ഡാനിയേലിനെ കാണുകയും വിഗതകുമാരനിലെ സരോജിനി എന്ന കഥാപാത്രത്തിന് അനുയോജ്യയാണ് റോസമ്മയെന്ന് കണ്ട് ജെ.സി. ഡാനിയേല്* റോസമ്മ എന്ന പേരുമാറ്റി റോസിയെന്നാക്കി വിഗതകുമാരനിലെ നായികയാക്കുകയും അതിലൂടെ മലയാളസിനിമയിലെ ആദ്യ നായികയായി ഈ ശ്യാമസുന്ദരി മാറുകയും ചെയ്തു.
അക്കാലത്ത് പാടത്ത് പകലന്തിയോളം കൂലിപ്പണി ചെയ്താല്* കിട്ടുന്നത് ഒന്നര രൂപയായിരുന്നു. എന്നാല്* ആദ്യ സിനിമാനടിക്ക് ഡാനിയേല്* നല്*കിയ പ്രതിഫലം ദിവസം അഞ്ചു രൂപ. ദിവസവും രാവിലെ പാടത്ത് പണിക്ക് പോകുന്നതുപോലെ പിത്തള തൂക്കുപാത്രത്തില്* ചോറുംകൊണ്ട് തൈക്കാട് വീട്ടില്*നിന്ന് നടന്നാണ് പട്ടത്തെ നാഷണല്* പിക്*ചേഴ്*സ് സ്റ്റുഡിയോയില്* എത്തി അഭിനയിച്ചശേഷം തൈക്കാട്ട് വീട്ടിലേക്ക് നടന്നു പോവുകയുമാണ് ചെയ്തത്. ഡാനിയേല്* പറയുന്നതു പോലെയെല്ലാം തന്മയത്വമായി റോസി അഭിനയിച്ചെന്ന് കുന്നുകുഴി മണിയുമായുള്ള അഭിമുഖത്തില്* ഡാനിയേലും ആ സിനിമയില്* അഭിനയിച്ച സിലോണിലെ മാനേജരുടെ വേഷം ചെയ്ത വില്*സണ്* സിങ്ങും മരിക്കുന്നതിനു തൊട്ടു മുന്*പ് കുന്നുകുഴി മണിയുമായുള്ള സംഭാഷണത്തിലും വ്യക്തമാക്കുകയുണ്ടായി.

ആകെക്കൂടി 10 ദിവസത്തെ അഭിനയമാണ് റോസിക്കുണ്ടായിരുന്നത്. പകല്*വെളിച്ചത്തില്* (സൂര്യപ്രകാശം) എടുക്കുന്ന ഭാഗങ്ങള്* അന്നുതന്നെ പ്രോസസ് ചെയ്ത് റഷസ് ഇട്ടു കണ്ടിരുന്നു. ഇന്നത്തെമാതിരി പല ഷോട്ടുകളായി ചിത്രീകരിച്ച് എഡിറ്റ് ചെയ്യുന്ന രീതി അന്നില്ലായിരുന്നു. കഥാഗതിക്കനുസൃതമായി രംഗങ്ങള്* തുടര്*ച്ചയായി എടുക്കുകയാണ് ചെയ്തിരുന്നത്. 10 ദിവസത്തെ അഭിനയം തീര്*ന്നപ്പോള്* റോസിക്ക് 50 രൂപയും ഒരു മുണ്ടും നേര്യതും അഭിനയസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും കൊടുക്കുകയായിരുന്നു ഡാനിയേല്* ചെയ്തത്.ഇതായിരുന്നു മലയാള സിനിമയിലെ ആദ്യ നായികയ്ക്ക് കിട്ടിയ പ്രതിഫലം.
പയനിയര്* ഫിലിംസിന്റെ ബാനറിലായിരുന്നു ജെ.സി. ഡാനിയേല്* വിഗതകുമാരന്* നിര്*മിച്ചത്. ചിത്രം റിലീസ് ചെയ്യാനും ഒട്ടേറെ കടമ്പകള്* താണ്ടേണ്ടിവന്നുവെന്ന് ഡാനിയേല്* പറഞ്ഞു. 1928 നവംബര്* 7-ന് സ്റ്റാച്യുവിന് സമീപം അന്നുണ്ടായിരുന്ന ക്യാപ്പിറ്റോള്* ടെന്റ് തിയേറ്റര്* (ഇന്ന് മരയ്ക്കാര്* മോട്ടോഴ്*സ് സ്ഥിതിചെയ്യുന്നു) പ്രസിദ്ധ അഭിഭാഷകനായ മള്ളൂര്* എസ്. ഗോവിന്ദപ്പിള്ള ആദ്യപ്രദര്*ശനം ഉദ്ഘാടനം ചെയ്തു. പടം സ്*ക്രീനില്* ഓടിത്തുടങ്ങി. വിളിച്ചു പറച്ചിലുകാരന്* തിരശ്ശീലയ്ക്കു മുന്നിലെ സ്റ്റൂളില്* കയറിനിന്ന് വിവരണങ്ങള്* നല്കിക്കൊണ്ടിരിക്കുമ്പോള്* സരോജിനിയുടെ വേഷത്തില്* പ്രത്യക്ഷപ്പെട്ട റോസിയുടെ തലയിലിരുന്ന പൂവ് നായകന്* സൈക്കിളില്* വന്ന് എടുത്തു മണപ്പിക്കുന്ന രംഗം കണ്ടതോടെ സദാചാരവാദികളായ കാണികള്*ക്കിടയില്* നിന്ന് ആദ്യത്തെ കൂക്കുവിളി ആരംഭിച്ചു. ഒടുവില്* കൂക്കുവിളിയും ആര്*ത്തട്ടഹാസങ്ങളും തുടരുന്നതിനിടെ കല്ലേറുമുണ്ടായി.
കല്ലേറില്* തിരശ്ശീല കീറിപ്പോയി. കാണികളില്* പലരും ഓടിപ്പോയി. നിര്*വാഹമില്ലാതെ ഡാനിയേലും ഓടി തൊട്ടടുത്ത ഒരു വീട്ടില്* കയറി രക്ഷപ്പെട്ടു. നാട്ടുകാര്* റോസിയെ വീട്ടില്* നിന്നും പുറത്തിറങ്ങാന്* അനുവദിക്കാതെ കല്ലേറു നടത്തുകയും അസഭ്യവര്*ഷംകൊണ്ട് ബുദ്ധിമുട്ടിക്കുകയും ചെയ്തു. വിവരം കവടിയാര്* കൊട്ടാരത്തില്* അറിയിക്കുകയും റോസിയുടെ വീടിന് രണ്ടു പോലീസുകാരെ കാവല്* ഏര്*പ്പെടുത്തുകയും ചെയ്തു. പക്ഷേ, മൂന്നാംദിവസം രാത്രിയില്* വലിയൊരു ജനക്കൂട്ടം റോസിയുടെ വീടു വളയുകയും കല്ലേറു നടത്തുകയും വീടു തീവെക്കുകയും ആക്രമിക്കാന്* മുതിരുകയും ചെയ്തു. ഡാനിയേലിന്റെ നിര്*ദേശപ്രകാരം കൊട്ടാരത്തില്* നിന്നും നിയോഗിച്ച രണ്ടു പോലീസുകാരും ജീവനുംകൊണ്ടോടി. പാഞ്ഞുവരുന്ന ജനക്കൂട്ടത്തെ കണ്ട് ഭയന്ന റോസി ജീവനുംകൊണ്ടോടി.
കരമന പാലത്തിനു സമീപമെ ത്തിയപ്പോള്* പയനിയര്* കമ്പനിവക ലോറി വരുന്നതുകണ്ട റോസി റോഡിനു നടുവില്* കയറിനിന്ന് രണ്ടു കൈയും ഉയര്*ത്തി 'രക്ഷിക്കണേ...രക്ഷിക്കണേ...' എന്ന് അത്യുച്ചത്തില്* വിളിച്ചു. തമിഴ്*നാട്ടുകാരനായ ലോറി ഡ്രൈവര്* കേശവപിള്ള വണ്ടി നിര്*ത്തി റോസിയെ വണ്ടിയില്* കയറ്റി. വിവരങ്ങളെല്ലാം റോസിയില്* നിന്നും മനസ്സിലാക്കിയ ലോറി ഡ്രൈവര്* റോസിയെ തന്റെ ജന്മനാടായ തമിഴ്*നാട്ടില്* കൊണ്ടുപോയി. പിന്നീട് കേശവപിള്ള റോസിയെ വിവാഹം കഴിച്ചു.
രാജമ്മാള്* എന്ന തമിഴ് പേര് സ്വീകരിച്ച് നാഗര്*കോവിലിനു സമീപം വടപഴനി ഓട്ടുപുരത്തെരുവില്* കേശവന്*പിള്ളയോടൊപ്പം കുടുംബിനിയായി മലയാളസിനിമയിലെ ആ ദുരന്തനായിക വര്*ഷങ്ങളോളം ജീവിച്ചു. ഇതിനിടെ പത്മയെന്ന മകളും നാഗപ്പന്* എന്ന മകനും റോസിക്കു ജനിച്ചു. അവിടെത്തന്നെയുള്ള ഒരു ടര്*ക്കി ടൗവല്* നെയ്ത്ത് ശാലയില്* രാജമ്മാള്* വളരെക്കാലം തൊഴിലാളിയായി ജോലി ചെയ്തിരുന്നു. 1928നു ശേഷം 1970 വരെ നീണ്ട 42 വര്*ഷത്തോളം റോസിക്ക് ജന്മനാടുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ഈ കാലങ്ങള്*ക്കിടയില്* അച്ഛന്* പൗലോസും അമ്മ കുഞ്ഞിയും ജ്യേഷ്ഠത്തി സരോജനിയും മരണമടഞ്ഞിരുന്നു. റോസിയുടെ ഭര്*ത്താവായ കേശവപിള്ള തിരുവനന്തപുരം പാളയം മാര്*ക്കറ്റിലേക്ക് ലോറിയില്* വടപഴനിയില്* നിന്നും ലോഡ് കൊണ്ടുവരുമായിരുന്നു. അങ്ങനെ പലരോടും ചോദിച്ച് റോസിയുടെ അമ്മയുടെ കുടുംബവീട് കണ്ടെത്തി. 1970-ല്* കേശവപിള്ള വട്ടിയൂര്*ക്കാവിനു സമീപം കാവല്ലൂര്* കൃഷ്ണന്റെ വീട്ടിലെത്തി. പിന്നീട് 1971-ല്* തനി തമിഴത്തിയായി റോസിയും കുടുംബവും തിരുവനന്തപുരത്ത് അമ്മയുടെ കുടുംബവീട്ടില്* വന്ന് ഏതാനും ദിവസം താമസിക്കുകയും ചെയ്തുവെന്ന് കൃഷ്ണന്* പറഞ്ഞു.
1972-ല്* അവസാനമായും റോസി തിരുവനന്തപുരത്ത് എത്തുകയുണ്ടായി. പിന്നീട് മക്കളോടൊപ്പം മധുരയ്ക്ക് പോയശേഷം തിരിച്ചെത്തുകയും 1975-ല്* മലയാള സിനിമയിലെ ആദ്യ നായിക റോസി അന്തരിക്കുകയും ചെയ്തതായി മകന്* ബാങ്കുദ്യോഗസ്ഥനായ നാഗപ്പന്*നായര്* മണിയോട് പറഞ്ഞു. ഏക സഹോദരന്* അച്യുതന്*, പേയാടിനു സമീപത്തായി താമസമുണ്ട്.വിലാപങ്ങളും ഗദ്ഗദങ്ങളും നിറഞ്ഞ റോസിയുടെ അഭിനയജീവിതത്തിന്റെ ചരിത്രം വെളിച്ചം കണ്ടത് കാമ്പിശ്ശേരിയുടെയും ചേലങ്ങാട് ഗോപാലകൃഷ്ണന്റെയും കുന്നുകുഴി മണിയുടെയും ചരിത്ര കണ്ടെത്തലിലൂടെയാണ്..




Comment