
ബ്രസീല് തലപുകയ്ക്കുന്നു, ഓസ്കറോ വില്യനോ?
സബ് വേ തൊഴിലാളികളുടെ അനിശ്ചിതകാല സമരത്തില് വലയുകയാണ് സാവോ പോളോ നഗരം. തൊഴിലാളികളും പോലീസും കഴിഞ്ഞ ദിവസങ്ങളില് പലതവണ ഏറ്റുമുട്ടി. സാവോ പോളോയിലെ കൊറിന്ത്യന്സ് അരീന സ്റ്റേഡിയത്തിലാണെങ്കില് ഇനിയും ഏറെ പണികള് ബാക്കി. ലോകകപ്പ് സംഘാടനത്തിന് ദിനംപ്രതി വെല്ലുവിളികള് കൂടിവരികയാണെങ്കിലും ബ്രസീലുകാര് ഇപ്പോള് വേവലാതിപ്പെടുന്നത് മറ്റൊരു കാര്യത്തെക്കുറിച്ചാലോചിച്ചാണ്. ലോകകപ്പിന്റെ കിക്കോഫ് മത്സരത്തില് ആരെയൊക്കെയാവും കോച്ച് ലൂയി ഫെലിപ്പ് സ്കൊളാരി കളിക്കാനിറക്കുക?
സെര്ബിയയ്ക്കെതിരെ കഴിഞ്ഞദിവസം നടന്ന അവസാന സന്നാഹ മത്സരത്തോടെയാണ് ബ്രസീലുകാരുടെ ആശങ്ക ശക്തമായത്. സാവോ പോളോയിലെതന്നെ മൊറുംബി സ്റ്റേഡിയത്തിലായിരുന്നു ആ മത്സരം. എഴുപതിനായിരത്തോളംവരുന്ന ആരാധകര്ക്ക് മുന്നില് ഒട്ടുംതന്നെ ആശാവഹമായിരുന്നില്ല ബ്രസീലിന്റെ പ്രകടനം. ഒരഭ്യാസിയുടെ മെയ്വഴക്കത്തോടെ ഫ്രെഡ് നേടിയ ഏക ഗോളില് സെര്ബിയയെ തോല്പിച്ചെങ്കിലും ആരാധകര് തീര്ത്തും തൃപ്തരല്ല. കൂക്കിവിളിച്ചുകൊണ്ടാണ് അവിടെ ബ്രസീലിന്റെ പാഴായ നീക്കങ്ങളെ അവര് എതിരേറ്റത്.
ആരാധകരുടെ കൂക്കിവിളിക്ക് ഏറ്റവും കൂടുതല് ഇരയായത് ചെല്സി താരം ഓസ്കറായിരുന്നു. ശരാശരി നിലവാരത്തിലേക്കുപോലും ഉയരാതിരുന്ന ഓസ്കറിന്റെ കളി ലോകകപ്പിലേക്കുപോകുന്ന ടീമിനെക്കുറിച്ചുള്ള ആശങ്കകള് ഇരട്ടിപ്പിക്കുന്നു. പരിശീലനവേളകളിലും ഓസ്കര് തന്റെ പതിവ് ദൗര്ബല്യങ്ങള് പ്രകടമാക്കിയിരുന്നു. ഓസ്കറിന്റെ മധ്യനിരയിലെ പ്രകടനം ആരാധകരെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും പാറപോലെ ഉറച്ചുനില്ക്കുകയാണ് കോച്ച് ലൂയി ഫെലിപ്പ് സ്കൊളാരി. ക്രൊയേഷ്യയുമായാണ് 12ന് ഗ്രൂപ്പ് 'എ'യില് ബ്രസീലിന്റെ ആദ്യ മത്സരം.
കോണ്ഫെഡറേഷന്സ് കപ്പില് കിരീടം നേടിയ ടീമിനെത്തന്നെയാകും ലോകകപ്പിലും താന് അണിനിരത്തുകയെന്ന് സ്കൊളാരി പലതവണ ആവര്ത്തിച്ചതാണ്. സന്നാഹ മത്സരത്തിനുശേഷം മാധ്യമപ്രവര്ത്തകരെ കണ്ടപ്പോഴും സ്കൊളാരി ചുവടുമാറ്റിയില്ല. ഓസ്കറിന്റെ പ്രകടനത്തെ വിമര്ശിച്ച് സംസാരിച്ച ഇവിടുത്തെ മാധ്യമപ്രവര്ത്തകരിലൊരാളോട് സ്കൊളാരി ഇടയ്ക്ക് ചൂടാവുക പോലും ചെയ്തു. 'എന്റെ ടീമില് ആരു കളിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. ഒരാളും എന്നെ ഉപദേശിക്കാന് വരേണ്ട' താക്കീതിന്റെ സ്വരത്തില് സ്കൊളാരി പറഞ്ഞു.
ഓസ്കറിനെ മാറ്റി ചെല്സിയിലെ കൂട്ടുകാരനായ വില്യനുമായാണ് ബ്രസീല് രണ്ടാം പകുതിയില് കളിക്കിറങ്ങിയത്. ഓസ്കര് മോശമാണെങ്കില് വില്യനെ ആദ്യ ഇലവനില് ഉള്പ്പെടുത്തിക്കൂടേ എന്നായിരുന്നു മാധ്യമപ്രവര്ത്തകരുടെ ചോദ്യം. ചെല്സി കോച്ച് ഹോസെ മൗറീന്യോ ഓസ്കറിനെ അവസാന മത്സരങ്ങളില് ഒഴിവാക്കിയതും അവര് ചൂണ്ടിക്കാട്ടി. അപ്പോഴാണ് സ്വതേ അരിശക്കാരനായ സ്കൊളാരിക്ക് ശുണ്ഠി കൂടിയത്. ആരെ കളിപ്പിക്കണമെന്ന് താന് തീരുമാനിക്കുമെന്ന കോച്ചിന്റെ പ്രസ്താവന ബ്രസീലിയന് ഫുട്ബോള് പണ്ഡിതര്ക്കും ആരാധകര്ക്കും തെല്ലും രുചിച്ചിട്ടില്ലെന്ന് സോഷ്യല് മീഡിയയില് പിന്നീടുവന്ന കമന്റുകള് വ്യക്തമാക്കി. വില്യനെയാണ് ഓസ്കറിന് പകരം ആദ്യ ഇലവനില് ഉള്പ്പെടുത്തണമെന്ന് ആരാധകരും കളിയെഴുത്തുകാരും തുടരെ ആവശ്യപ്പെടുന്നതും.
എന്നാല്, ബ്രസീല് ക്യാപ്റ്റന് തിയാഗോ സില്വ തന്റെ ടീമിന്റെ പ്രകടനത്തില് തൃപ്തനായാണ് കാണപ്പെട്ടത്. ടീമിന്റെ അന്തിമഘടന നിശ്ചയിക്കാന് ഇനിയും സമയമുണ്ടെന്നാണ് സില്വയുടെ അഭിപ്രായം. ഓസ്കറിനും തന്റെ പ്രകടനത്തില് തെല്ലും ആശങ്കയില്ല. ആദ്യ ഇലവനിലെ തന്റെ സ്ഥാനത്തിന് വെല്ലുവിളികളില്ലെന്നാണ് ഓസ്കര് അഭിപ്രായപ്പെട്ടത്. സന്നാഹ മത്സരങ്ങളല്ല, ലോകകപ്പിലെ കളികളെന്ന് ഓസ്കര് തന്റെ വിമര്ശകരോട് പറഞ്ഞു.
പരിശീലനവേദികളില് ആരാധകരുടെ എണ്ണം കൂടുന്നത് സ്കൊളാരിയെ അലോസരപ്പെടുത്തുന്നുണ്ട്. പരിശീലനത്തില് ഓരോ താരങ്ങളുടെയും പ്രകടനം വിലയിരുത്തി ആരാധകര് ട്വിറ്ററിലും ഫെയ്സ്ബുക്കിലുമൊക്കെ നടത്തുന്ന പരാമര്ശങ്ങള് ടീമിന് സമ്മര്ദം കൂട്ടുമെന്നും കോച്ച് കരുതുന്നു. ശനിയാഴ്ച ടീമിന് വിശ്രമമനുവദിച്ച കോച്ച് ഞായറാഴ്ച വീണ്ടും പരീശീലനം തുടര്ന്നു. ആരാധകരില്നിന്ന് അകന്ന് ലോകകപ്പിനോട് അടുത്ത ദിവസങ്ങളില് അന്തിമ പരിശീലനം നടത്താനൊരുങ്ങുകയാണ് സ്കൊളാരി.





Comment