തിരുവനന്തപുരം: ബുധനാഴ്ച ചേര്*ന്ന മന്ത്രിസഭായോഗത്തിന് പലതുകൊണ്ടും സവിശേഷതകളേറെ. യോഗത്തിനു മുന്നോടിയായി അല്പനേരം പത്രക്കാര്*ക്ക് പ്രവേശനം, സെക്രട്ടേറിയറ്റിലെ കുടുസ്സു പി.ആര്*.ചേംബറിനു പകരം വിശാലമായ തൈക്കാട് ഗസ്റ്റ്ഹൗസില്* പത്രസമ്മേളനം, തുടര്*ന്ന് സദ്യ. എല്*.ഡി.എഫ് സര്*ക്കാരിന്റെ അവസാന മന്ത്രിസഭായോഗത്തിന് സ്വാഭാവികമായും വാര്*ത്താ പ്രാധാന്യവും കൂടുതലായിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കാണ് മന്ത്രിസഭായോഗം നിശ്ചയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ചേംബറിന് തൊട്ടടുത്തുള്ള കാബിനറ്റ് ഹാളില്* ആദ്യമെത്തിയത് ചീഫ് സെക്രട്ടറി പി.പ്രഭാകരന്*. തുടര്*ന്ന് മന്ത്രി പി.കെ.ഗുരുദാസന്*, പിന്നാലെ മുഖ്യമന്ത്രി വി.എസ്.അച്ച്യുതാനന്ദന്*.....മന്ത്രിമാര്*ക്ക് അകമ്പടിയായി, അനുമതി ലഭിക്കേണ്ട ഫയലുകളുമായി പേഴ്*സണല്* സ്റ്റാഫ് അംഗങ്ങള്*. റിപ്പോര്*ട്ടര്*മാരുടെയും ഫോട്ടോഗ്രാഫര്*മാരുടെയും വന്*പടയും എത്തിയതോടെ സെക്രട്ടേറിയറ്റിലെ നോര്*ത്ത് ബ്ലോക്കിലെ മൂന്നാംനിലയിലെ ഇടനാഴി ബഹളമയമായി. സി.പി.ഐ മന്ത്രിമാരായ ബിനോയ് വിശ്വം, കെ.പി.രാജേന്ദ്രന്*, സി.ദിവാകരന്* എന്നിവര്* ഒരുമിച്ചാണ് മന്ത്രിസഭാ യോഗത്തില്* പങ്കെടുക്കാനെത്തിയത്. മുല്ലക്കര രത്*നാകരനും ജോസ് തെറ്റയിലും പ്രേമചന്ദ്രനും കടന്നപ്പള്ളിയും തോമസ് ഐസക്കുമെല്ലാം എത്തിയതോടെ മന്ത്രിസഭായോഗം നടക്കുന്നതിന്റെ അറിയിപ്പ് എന്ന വണ്ണം വാതിലിനുമുകളില്* ചുവന്ന ലൈറ്റ് തെളിഞ്ഞു. തുടര്*ന്ന് അല്പനേരത്തേക്ക് പത്രക്കാര്*ക്ക് പ്രവേശനം. ''....കണ്ടോ.....കണ്ടോ....ഇവിടെയാണ് കാര്യങ്ങള്* നടക്കുന്നത്....'' മന്ത്രി സുരേന്ദ്രന്* പിള്ള മാധ്യമപ്രവര്*ത്തകരെ നോക്കി പറഞ്ഞു. ''ടീച്ചറെത്തിയില്ലേ ?'' ...മന്ത്രി എം.വിജയകുമാര്* ചോദിച്ചു. സെക്കന്*ഡുകള്* കഴിഞ്ഞതും ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയും എത്തി. അതോടെ എല്*.ഡി.എഫ് സര്*ക്കാരിന്റെ അവസാന മന്ത്രിസഭായോഗത്തിന് തുടക്കമായി.
തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി പാലോളി മുഹമ്മദ് കുട്ടി, വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്* എന്നിവര്* അവസാന മന്ത്രിസഭായോഗത്തിന് എത്തിയില്ല. സുകുമാര്* അഴീക്കോടിന് 85 വയസ്സ് തികയുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സാംസ്*കാരിക പരിപാടിയില്* പങ്കെടുക്കാന്* തൃശ്ശൂരില്* പോയതിനാലാണ് മന്ത്രി ബേബി യോഗത്തിന് എത്താതിരുന്നത്. ചെന്നൈയില്* അപ്പോളോ ആസ്പത്രിയില്* മെഡിക്കല്* പരിശോധനയ്ക്ക് പോയതിനാല്* പാലോളി മുഹമ്മദ് കുട്ടിക്കും യോഗത്തിന് എത്താനായില്ല. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്* പാര്*ട്ടി പരിപാടികളുമായി ബന്ധപ്പെട്ട് കണ്ണൂരിലാണ്.
മന്ത്രിസഭായോഗത്തിനുശേഷം തൈക്കാട് ഗസ്റ്റ്ഹൗസില്* പത്രസമ്മേളനം. ''പതിമൂന്നാം നിയമസഭയുടെ കാലാവധി കഴിയുകയാണ്...'' മുഖ്യമന്ത്രി പത്രസമ്മേളനം തുടങ്ങി. ഉടന്*തന്നെ ഒപ്പമുണ്ടായിരുന്ന മറ്റുമന്ത്രിമാര്* പതുക്കെ തിരുത്തി. പതിമൂന്നല്ല പന്ത്രണ്ടാണ്. ''ശരി. പന്ത്രണ്ടാം നിയമസഭയുടെ കാലാവധി കഴിയുകയാണ്. നിങ്ങള്* ഇതുവരെ നല്*കിവന്നിരുന്ന സൗഹൃദപരവും അല്ലാത്തതുമായ സഹകരണങ്ങള്*ക്ക് നന്ദി. നിങ്ങള്* ചൂണ്ടിക്കാണിച്ച പിശകുകള്* പലപ്പോഴും ഞങ്ങള്* തിരുത്താന്* ശ്രമിച്ചിട്ടുണ്ട്'' - മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സര്*വേകളിലും വി.എസിന് അനുകൂലമാണല്ലോ എന്നുചൂണ്ടിക്കാണിച്ചപ്പോള്*... ''പതിമൂന്നാം തീയതി വരെ കാത്തിരിക്കൂ'' എന്നായിരുന്നു ഉത്തരം. ''65 ശതമാനം ആളുകള്* ഈ ഗവണ്*മെന്റിന് മികച്ച മാര്*ക്ക് നല്*കിയിട്ടുള്ളതില്* സന്തോഷം'' - വി.എസ്.പറഞ്ഞു. ''ഇനി എല്ലാവര്*ക്കും...കൈ കഴുകിയവര്*ക്കും കഴുകാത്തവര്*ക്കും തീന്*മേശയ്ക്ക് ചുറ്റുമിരിക്കാം'' - മാധ്യമ പ്രവര്*ത്തകരെ മുഖ്യമന്ത്രി സദ്യയ്ക്ക് ക്ഷണിച്ചു.

