ബംഗാളിലേത് മമത നയിച്ച (പ്രതി ?) വിപ്ലവം
34 വര്*ഷം. പതിനേഴ് തിരഞ്ഞെടുപ്പുകള്*. ഓരോ തിരഞ്ഞെടുപ്പുകഴിയുമ്പോഴും വര്*ദ്ധിക്കുന്ന ഭൂരിപക്ഷം. ഇനി മറ്റാര്*ക്കും ജയിക്കുക പോയിട്ടു മത്സരിക്കാന്*തന്നെ പറ്റുകയില്ല എന്നുതോന്നിപ്പിക്കുന്ന പാര്*ട്ടി സര്*വാധിപത്യം. ഇതിനാണ് ബംഗാളില്* ഇന്നത്തോടെ അന്ത്യം സംഭവിച്ചിരിക്കുന്നത്. വിപ്ലവമെന്നോ പ്രതിവിപ്ലവമെന്നോ സൗകര്യം പോലെ വിളിക്കാം. എന്തായാലും ഇതിന്റെ മുഴുവന്* ക്രഡിറ്റും അവകാശപ്പെടാന്* കഴിയുന്ന ഒരാളേ ഉള്ളു- മമത ബാനര്*ജി. അഗ്നികന്യ എന്ന പഴയ വിളിപ്പേര് അവര്* ഒരിക്കല്* കൂടി അര്*ഥപൂര്*ണമാക്കി.
ഇനി ബംഗാള്* അവരുടെ ഭരണത്തിലാണ്. യഥാര്*ത്ഥ ' പരിബര്*ത്തനെ ' കുറിച്ച് വലിയ പ്രതീക്ഷകള്* പുലര്*ത്തുന്നവരുണ്ട്. ഒരുപാട് ആശങ്കയുള്ളവരുമുണ്ട്. ബംഗാളിനെ മമത തകര്*ക്കുമെന്ന് പരിഭ്രമിക്കുന്നവര്* പോലുമുണ്ട്്്. എന്തായാലും ബംഗാളില്* നിന്ന് ഇനി നമുക്കും കണ്ണുകള്* പിന്*വലിക്കാനാവില്ല.
തുടര്*ച്ചയായി ഏഴുവട്ടമാണ് ഇടതുമുന്നണി ജയിച്ചത്. ഓരോ തവണയും വിജയത്തിന്റെ ശക്തി കൂടി വരികയായിരുന്നു. എട്ടാംതവണ എട്ടുനിലയില്* പൊട്ടി. 2006 ലെ വിജയത്തിന്റെ വലുപ്പം കണ്ടാല്* ഇനിയൊരിക്കലും ഇടതുമുന്നണിയെ ബംഗാളില്* തോല്പ്പിക്കാനാവില്ലെന്നുപോലും തോന്നുമായിരുന്നു. അന്ന് നാലില്* മൂന്ന് ഭൂരിപക്ഷം നേടി ബുദ്ധദേവ് ഭട്ടാചാര്*ജി റെക്കോഡ് സൃഷ്ടിച്ചു. പാര്*ലമെന്റ് തിരഞ്ഞെടുപ്പ് കൂടി പരിഗണിച്ചാല്* അത് ബംഗാളില്* ഇടതുമുന്നണി നേടുന്ന പതിനഞ്ചാമത്തെ വിജയമായിരുന്നു. വെറും അഞ്ചുവര്*ഷമേ വേണ്ടിവന്നുള്ളൂ, ജനപ്രീതിയുടെ കൊടുമുടിയില്* നിന്ന് ജനവിശ്വാസമില്ലായ്മയുടെ ആഴത്തിലേക്ക് പതിക്കാന്*. ഇത്തവണ, ആകെ ഉള്ള 294 സീറ്റില്* ഇടതുമുന്നണിക്ക് കിട്ടിയത് 70 മാത്രം.
2009 ലെ പാര്*ലമെന്റ് തിരഞ്ഞെടുപ്പ് ഫലമറിഞ്ഞതുമുതല്* ഈ മാറ്റത്തിന് തയ്യാറെടുക്കുകയായിരുന്നു ബംഗാള്*. അന്ന് 42 ല്* 27 സീറ്റ് തൃണമൂല്*-കോണ്*ഗ്രസ് സഖ്യംനേടി. പതിനഞ്ച് സീറ്റാണ് ഇടതുമുന്നണിക്ക് കിട്ടിയത്. 294 നിയമസഭാമണ്ഡലങ്ങളില്* 206 ല്* തൃണമൂല്*-കോണ്*ഗ്രസ്-എസ്.യു.സി.ഐ. കൂട്ടുകെട്ടാണ് ലീഡ് നേടിയത്. 2006 ല്* ഇടതുമുന്നണിയുടെ വിജയം എത്രത്തോളം നിശ്ചിതമായിരുന്നോ അത്രത്തോളം സുനിശ്ചിതമായിരുന്നു ഇത്തവണത്തെ അവരുടെ പരാജയവും. തൃണമൂല്* വിജയം പ്രവചിക്കാതിരുന്ന ഒരു സര്*വ്വെ പോലുമില്ലായിരുന്നു. ചെയ്ത തെറ്റുകള്*ക്ക് മാപ്പുപറഞ്ഞും തെറ്റുകള്* ആവര്*ത്തിക്കില്ലെന്ന് ഉറപ്പുനല്*കിയും അധികാരധാര്*ഷ്ട്യം വെടിയാന്* പ്രവര്*ത്തകരെ പ്രേരിപ്പിച്ചും ജനവിശ്വാസം വീണ്ടെടുക്കാന്* പാര്*ട്ടി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. '77ന് മുമ്പുണ്ടായിരുന്ന അത്യന്തം ദയനീയമായ അവസ്ഥയില്* നിന്ന് പ. ബംഗാളിനെ രക്ഷിച്ചത് ഇടതുമുന്നണിയാണെന്ന സന്ദേശം വോട്ടര്*മാരിലെത്തിക്കാന്* മുന്നണി കിണഞ്ഞുശ്രമിക്കുകയുണ്ടായി. യാദൃച്ഛികമായി ഉണ്ടായ സിംഗൂരും നന്ദിഗ്രാമും ഉപയോഗിച്ചല്ല 34 വര്*ഷത്തെ ഭരണത്തെ വിലയിരുത്തേണ്ടത്. ജന്മിഭരണത്തില്* അടിമകളായി പട്ടിണികിടന്ന ജനതയെ ഇന്നത്തെ ആത്മാഭിമാനമുള്ള ജനതയാക്കി മാറ്റിയത് ഇടതുപക്ഷമാണെന്ന സന്ദേശം ടെലിവിഷന്* പരസ്യങ്ങളിലൂടെ ജനങ്ങളിലെത്തിക്കാനും ശ്രമിച്ചു. ഒന്നും ഫലവത്തായില്ല. മാറ്റം വേണമെന്ന മുദ്രാവാക്യം ബംഗാളില്* കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുകയായിരുന്നു. ഒട്ടും പ്രവചനീയമല്ലാതെ പെരുമാറുന്ന, ഏകാധിപത്യപരമായി പ്രവര്*ത്തിക്കുന്ന മമത മുഖ്യമന്ത്രിയാകുന്നതില്* ആളുകള്*ക്ക് പരിഭ്രമമുണ്ട്. അതെല്ലാം മാറ്റിവെച്ച് വരുന്നേടത്തുകാണാം എന്ന മനസ്സോടെ അവര്* മാറ്റത്തെ തുണയ്ക്കുകയായിരുന്നു.
1977 ല്* അടിയന്തരാവസ്ഥയുടെ അന്ത്യത്തില്* നടന്ന തിരഞ്ഞെടുപ്പിലാണ് ഇടതുപക്ഷം ആദ്യമായി ബംഗാള്* പിടിച്ചെടുക്കുന്നത്. അന്നുതൊട്ട് 2006 വരെ തുടര്*ച്ചയായി 15 തിരഞ്ഞെടുപ്പുകളില്* പാര്*ട്ടി വലിയ ജയം നേടി. ഏതാണ്ട് 50 ശതമാനം വോട്ടും നിയമസഭയില്* മൂന്നില്* രണ്ട് ഭാഗം സീറ്റും എപ്പോഴും നേടാറുണ്ട്. രാജീവ് തരംഗം ആഞ്ഞടിച്ച 1985 ലേ അത് കുറഞ്ഞുള്ളൂ. 2001 ലൊഴികെ എല്ലായ്*പ്പോഴും സി.പി.എമ്മിന് തനിച്ച് ഭൂരിപക്ഷം ഉണ്ടാകാറുമുണ്ട്. 1996ല്* 46.7 ശതമാനവും 2001ല്* 48.4 ശതമാനവും വോട്ട് കിട്ടിയ ഇടതുമുന്നണിക്ക് 2006ല്* അത് 50.2 ശതമാനമായി ഉയര്*ത്താനായി. പ്രതിപക്ഷം ഭിന്നിതവും ദുര്*ബലവുമായിരുന്നു. 2001 ല്* പാര്*ലമെന്റ് തിരഞ്ഞെടുപ്പില്* തൃണമൂല്*- ബി.ജെ.പി. സഖ്യത്തിന് കിട്ടിയത് ഒരൊറ്റ സീറ്റാണ്. പത്ത് വര്*ഷം കൊണ്ടാണ് അവര്* ഏതാണ്ട് തനിച്ച് ബംഗാളിന്റെ ഭരണ സാരഥ്യത്തിലെത്തുന്നത്.
1977 ല്* അധികാരത്തില്* വന്ന ജ്യോതിബസു സര്*ക്കാര്* ഭൂപരിഷ്*കരണ-അധികാര വികേന്ദ്രീകരണ രംഗത്ത് വലിയ നേട്ടങ്ങള്* കൈവരിച്ചുവെന്ന് മിക്ക നിരീക്ഷകരും സമ്മതിക്കും. ഈ നേട്ടം പാര്*ട്ടിയുടെ അടിത്തറ ശക്തമാക്കി. എല്ലാ രംഗത്തും പാര്*ട്ടിയുടെ പിടി മുറുക്കി. പഴയ പ്രത്യയശാസ്ത്ര പിടിവാശികള്* പാര്*ട്ടി മുറുകെപിടിച്ചു. അതോടെ സംസ്ഥാനം എല്ലാ രംഗങ്ങളിലും പിറകോട്ട് പോയി. 2001 ല്* അധികാരത്തില്* വന്ന ബുദ്ധദേവ് ഒരുപാട് മാറ്റങ്ങള്*ക്കായി ശ്രമമാരംഭിച്ചത് ജനങ്ങളുടെ പ്രതീക്ഷ വളര്*ത്തി. 2006 ലെ വന്*വിജയത്തിന് അതൊരു കാരണമായിരുന്നു. എന്നാല്* സിംഗൂര്*, നന്ദിഗ്രാം ഉള്*പ്പെടെയുള്ള ഏറെ സംഭവങ്ങള്* ഇടതുമുന്നണിയെ തളര്*ത്തി. ഓരോ വിടവിലും ആഞ്ഞടിക്കാന്* മമത കാത്തുനില്*പ്പുണ്ടായിരുന്നു.
മിക്ക പ്രദേശങ്ങളിലും ബുത്തുകളില്* ഏജന്റുമാരെ നിയോഗിക്കാന്* പോലും മറ്റൊരു കക്ഷിക്കും കഴിയാത്ത വിധത്തില്* എല്ലാ രംഗത്തും കനത്ത സി.പി.എം. ആധിപത്യമായിരുന്നു. എവിടെയും കാര്യങ്ങള്* നിശ്ചയിച്ചിരുന്നത് പാര്*ട്ടിയായി. ഭരണകൂടവും ഭരണകക്ഷിയും ഒന്നായി. സ്*കൂളുകളിലെ അധ്യാപകനിയമനം മുതല്* പഞ്ചായത്തിലെ റോഡ്പണി ചെയ്യേണ്ട കരാറുകാരനെ വരെ നിശ്ചയിക്കുന്നത് പാര്*ട്ടി സെല്* ആണെന്ന നിലയായിരുന്നു എങ്ങും. കുടുംബതര്*ക്കങ്ങളില്*പോലും പാര്*ട്ടിയുടെ വിധി അടിച്ചേല്*പ്പിക്കുന്നത് പലേടത്തും സാധാരണമായി. അന്ത്യമില്ലാത്ത രാത്രി എന്ന ഉറപ്പില്* പാര്*ട്ടിയില്* കയറിപ്പറ്റിയ സാമൂഹ്യവിരുദ്ധര്* ചെയ്യുന്ന ദ്രോഹം സി.പി.എം. സംസ്ഥാനനേതൃത്വം തിരിച്ചറിയുമ്പോഴേക്ക് ഏറെ വൈകിയിരുന്നു. മറ്റൊരു സംസ്്ഥാനത്തും ഇല്ലാത്ത അപകടകരമായ സര്*വാധിപത്യത്തിനെതിരായ പോരാട്ടമാണ് മമത നടത്തിയതെന്ന ചരിത്രപ്രാധാന്യവും ഈ തിരഞ്ഞെടുപ്പിനുണ്ട്.
ഇത് മമത തനിച്ച് നടത്തിയ പോരാട്ടമാണെന്ന് പറയാന്* കാരണങ്ങളുണ്ട്. പാര്*ലമെന്റ് തിരഞ്ഞെടുപ്പില്* ഇടതുമുന്നണിയെ നേരിട്ടത് ഒറ്റക്കെട്ടായി നിന്ന മുന്നണിയാണ്. കോണ്*ഗ്രസ്സും തൃണമൂല്* കോണ്*ഗ്രസ്സും മാത്രമല്ല പലേടത്തും ഗണനീയ ശക്തിയായ എസ്.യു.സി.ഐ.യും. ഇത്തവണ വിജയം കൈപ്പിടിയിലൊതുക്കാമെന്നായപ്പോള്* അവര്*ക്കിടിയില്* കടുത്ത ഭിന്നിപ്പായി. കോണ്*ഗ്രസ്സിനെ മമത വേണ്ടവിധം പരിഗണിച്ചില്ല എന്നത് സത്യമാണ്. പാര്*ട്ടിയില്* ആഭ്യന്തര കലാപം തന്നെയുണ്ടായി. ഹൈക്കമാന്*ഡ് ഇടപെട്ടാണ് കലാപം അമര്*ത്തിയത്. എസ്.യു.സി.ഐ. വേറെ മത്സരിച്ചു. ഒന്നോ രണ്ടോ സീറ്റുപോലും കൊടുക്കാന്* വിസമ്മതിച്ചതുകൊണ്ട മുസ്ലിം ലീഗും പിണങ്ങിപ്പോയി. ആരില്ലെങ്കിലും ഇത്തവണ ജനം തനിക്ക് വോട്ട് ചെയ്യുമെന്ന് അവര്*ക്കറിയാമായിരുന്നു. അതുസംഭവിച്ചു.
കനത്ത തോല്*വിക്കിടയിലും ഇതാണ് ഇടതുപക്ഷത്തിന് പ്രതീക്ഷ നല്*കുന്നത്. മമതയുടെ മുന്നണി അധികനാള്* ഒത്തു ഭരിക്കില്ല. അടിച്ചുപിരിയും. വൈകാതെ അധികാരത്തില്* തിരിച്ചെത്താനാവും-ഇടതുപക്ഷം ആശ്വസിക്കുന്നു

